Sunday, November 27, 2011

മുല്ലപ്പെരിയാർ....ഒരു ചാവ് അറിയിപ്പ്......

നൂറ്റിപ്പതിനാറ് വർഷങ്ങൾക്കു മുൻപ് ടെക്നോളജിയും മറ്റു സാങ്കേതിക വശങ്ങളും പരിമിതമായിരുന്ന കാലത്ത്,നിലവിലുള്ള നിർമ്മാണപ്രക്രിയകളെ വച്ചു നോക്കുമ്പോൾ തികച്ചും അശാസ്ത്രീയമായി ,അൻപതു വർഷത്തോളം മാത്രം ആയുസ്സ് കല്പിച്ചു നിർമ്മിച്ച ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാർ.


ശിവഗംഗ തേനി ,മദുര,ഡിണ്ടിക്കൽ,മുതലായ തമിഴ്നാട്ടിലെ വരണ്ടുണങ്ങിക്കിടന്നിരുന്ന ജില്ലകളിൽ പൊന്നുവിളയിച്ച കേരളത്തിന്റെ മുല്ലപ്പെരിയാ‍ർ.
കേരളത്തിന്റെ ഭരണ സംവിധാനത്തിന്റെ ദീർഘവീക്ഷണമില്ലായ്മ ആ  അണക്കെട്ടിനെ നൂറ്റിപ്പതിനാറു വർഷം ആയുസ്സ് നീട്ടിക്കൊടുത്ത് 35 ലക്ഷത്തോളം ജനങ്ങൾക്ക് പേടിസ്വപ്നമാക്കി മാറ്റിയിരിക്കുന്നു.
ഈ അവസാന മണിക്കൂറുകളിൽ നമുക്കൊന്നും പറയാനും ചെയ്യുവാനുമില്ല.


ജയലളിത എന്ന മനുഷ്യ ജീവനു  വന്യ മ്രഗങ്ങളുടെ പോലും വില കല്പിക്കാത്ത കിരാതയുംക്രൂരയുമായ സ്ത്രീ 35 ലക്ഷത്തോളം ജനങ്ങളെ കൂട്ടക്കൊല ചെയ്യുവാൻ പോകുന്നു.
കേന്ദ്ര സർക്കാർ മുല്ലപ്പെരിയാർ പ്രശ്നം ത്രുണവൽക്കരിക്കുന്നു.അപകടസ്ഥിതി വ്യക്തമായി മനസിലാക്കിയിരിക്കുന്ന കേരള സർക്കാർ  എന്തു ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുന്നു.


ജീവനും കൊണ്ടോടി രക്ഷപ്പെടൂ .. എന്നു പറയാനുള്ള ചങ്കൂറ്റം പോലും സർക്കാരിന്റെ  ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല.
ഇത്രയും വൈകിയ ഈ അവസരത്തിൽ ലക്ഷക്കണക്കിനു വരുന്ന ജനങ്ങൾ എന്തു ചെയ്യണമെന്നറുയാതെ പ്രാർത്ഥനയും കണ്ണീരുമായി കഴിയുന്നു.


30-40 ലക്ഷം വോട്ടർമാരുടെ ജീവനും സ്വത്തിനും സംരക്ഷണം  നൽകാൻ കഴിയാത്ത,പ്രതിപക്ഷം ഉൾപ്പെടുന്ന രാഷ്ട്രീയമിനി മലയാളിക്ക് എന്തിനാണ്?
66 വർഷത്തോളം ആ അണക്കെട്ടിനെ കുറിച്ച് ചിന്തിക്കാത്ത,അധികാര കസേരയ്ക്കുവേണ്ടി വടം വലി നടത്താൻ മാത്രം ഭരിക്കുന്ന വർഷങ്ങൾ ഉപയോഗിക്കുന്ന ,ഉപയോഗിച്ചു കളയുന്ന ഭരണാധികാരികളേ..മുങ്ങിമരിക്കാൻ പോകുന്ന ലക്ഷക്കണക്കിനു ചരാചരങ്ങളുടെ ശാപം നിങ്ങൾ എങ്ങനെ കഴുകിക്കളയും....


ഇത് ഒരുപക്ഷെ ഒരു അവസാന ചാൻസായിരിക്കും,ദൈവം അറിഞ്ഞു തന്നിരിക്കുന്ന ലാസ്റ്റ് ചാൻസ്...ജാതി മത ഭേദമില്ലാതെ,രാഷ്ട്രീയ ഭേദമില്ലാതെ 
നമുക്ക് തെരുവിലേക്ക് ഇറങ്ങാം...നാളെ നിലയില്ലാക്കയങ്ങളിൽ മുങ്ങിത്താഴുന്ന നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളേയും,മാതാപിതാക്കന്മാരേയും,ഭാര്യാ ഭർത്താക്കന്മാരേയും സഹോദരീ സഹോദരന്മാരേയും  കൂട്ടുകാരേയും നാട്ടുകാരേയും നമ്മൾ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന എല്ലാ ജീവ ജാലങ്ങളേയും ഓർത്ത് നമുക്ക് സമരത്തിനിറങ്ങാം....


അർഹതയില്ലാത്ത മരണത്തിനൊരുങ്ങുമ്പോൾ അതിനെതിരെ സമരം ചെയ്തു മരിക്കാം....


തെരുവിലേക്കിറങ്ങുക ,
സമരം ചെയ്യുക ,
വിജയം വരെയല്ലാ....മരണം വരെ...

Monday, September 19, 2011

സൂപ്പർ പോലീസ്......

“നാട്ടുകാർക്ക് സദ്യ ഒരുക്കി പോലീസ് സ്റ്റേഷനിൽ ജനമൈത്രിയുടെ ഓണം”(കാക്കനാട്,ത്രുക്കാക്കര)എന്ന വാർത്ത വായിച്ച് കോൾമയിർ കൊണ്ട് നല്ല നാലക്ഷരം കേരള പോലീസിനെ കുറിച്ചെഴുതാൻ തൂലികയും രാകി ഇരുന്നപ്പോൾ ഈയുള്ളവനു ഒരു ഉൾക്കാഴ്ച ഉണ്ടായി.ഉടനെ എഴുന്നേറ്റ് അടുക്കളയുടെ പിന്നാമ്പുറത്ത് അട്ടിയിട്ടു വച്ചിരിക്കുന്ന ഒരു കെട്ട് പഴയ ന്യൂസ് പേപ്പർ എടുത്ത് പോലീസിന്റെ ജനമൈത്രി വാർത്തകൾക്കായി അന്വേഷണം ആരംഭിച്ച എന്റെ മുൻപിലേക്ക് സർവ്വേശ്വരൻ കൈ നിറയെ വാരിക്കോരി തന്നിരിക്കുന്നതു കണ്ട് ഈയുള്ളവൻ രണ്ടാമതും കോൾമയിർ കൊണ്ടു.
                                  സെപ്തംബർ 13 നു വന്ന അതിമനോഹരമായ ഒരു വാർത്ത..“പീഡന ശ്രമത്തിനിരയായ 10 വയസ്സുകാരിയെ നടുറോഡിൽ പോലീസ് ചോദ്യം ചെയ്തു..”പ്രതിയുടെ കോഴിക്കടയുടെ മുൻപിൽ നിർത്തി ഒന്നര മണിക്കൂർ പോലീസിന്റെ കഥ പറയിക്കൽ,അതും നാട്ടുകാരുടെ മുൻപിൽ.സംഭവിച്ചതെല്ലാം ഒരു കഥ പോലെ പറയിച്ച് ആ പിഞ്ചു കുഞ്ഞിനെ മാനസീകമായി പീഡിപ്പിച്ച് ലോകത്തെ പോലീസ് വർഗ്ഗത്തിനു ഉത്തമ മാത്രുകയായി.ധാർമ്മീക രോഷം കൊണ്ട് ആ പോലീസുകാരെ മനസ്സിൽ പച്ചത്തെറി പറഞ്ഞുകൊണ്ട് ഞാൻ അടുത്ത പേപ്പർ കയ്യിലെടുത്തു.അതിനു മുൻപ് ആത്മാർത്ഥമായി ഞാൻ പ്രാർഥിച്ചു നോക്കി “ദൈവമേ ഇതിലെങ്കിലും  ഒരു നല്ല വാർത്ത.......”ഈയിടെയായി അവിടുന്ന് ഈയുള്ളവന്റെ പ്രാർത്ഥന ഒട്ടും വക വയ്ക്കുന്നില്ല എന്ന സംശയം സത്യമാണെന്നു മനസിലായി.സെപ്തംബർ 5 നു വന്ന വാർത്തയിൽ കണ്ണുടക്കി.ത്രുപ്പൂണിത്തുറയിൽ പോലീസ് കൈ കാണിച്ചിട്ട് നിർത്താതെ പോയ യുവാവിനെ എസ് ഐ യും സംഘവും ഭാര്യയുടേയും പിഞ്ചു കുഞ്ഞുങ്ങാളുടേയും മുൻപിലിട്ട് അതിക്രൂരമായി മർദ്ദിച്ചു.“കൊള്ളാം ആ എസ് ഐ യ്ക്ക് ഒരു സ്ഫടികം ജോർജ്ജ് ടച്ചുണ്ട്.”കൊള്ളാം......ഞാൻ രണ്ടും കല്പിച്ച് അടുത്ത പേപ്പർ എടുത്തു.“ഹേയ് മനുഷ്യാ നിങ്ങളെന്താ പരീക്ഷ എഴുതാൻ പൊവുകയാണോ....ഈ കൊച്ചിനെ ഒന്നു പിടിച്ചേ....”കരച്ചിൽ നിർത്താത്ത നാലര മാസം പ്രായമുള്ള ഈയുള്ളവന്റെ സന്താനത്തിനെ എടുത്തു കൊണ്ട് ശ്രീമതി ഒന്നു അമറി....അഞ്ചു മിനിറ്റ് ഒന്നു കുഞ്ഞിനെ എടുത്ത് അവളുടെ പരിഭവം മാറ്റിയിട്ട് വീണ്ടും ഞാനിരുന്ന് പത്രം എടുത്തു.
                                  സെപ്തംബർ നാലാം തീയതിയിലേയാണു പേപ്പർ...അയ്യോ......ഇതൽ‌പ്പം വശപ്പിശകാണ്.തലക്കെട്ട് ഇങ്ങനെയാണ് “ബാലനെ പീഡിപ്പിച്ച കേസ് :പോലീസുകാരന്റെ ജാമ്യ ഹർജി കോടതി തള്ളി” തലയോലപ്പറമ്പു സ്റ്റേഷനിലെ മാന്യദ്ദേഹമാണു പുള്ളി.ബ്ലെസ്സി - മമ്മൂട്ടി  ടീമിന്റെ അതി മനോഹരമായ ‘കാഴ്ച’ എന്ന സിനിമയിലെ സത്യസന്ധമായ ഒരു രംഗം മനസ്സിലേക്കു തികട്ടി വന്നു.തികട്ടിവന്നതു വിഴുങ്ങി അടുത്ത പത്രത്തിലേക്ക് ഞാൻ എന്റെ കാഴ്ചയെ ഉന്തിത്തള്ളി വിട്ടു.....ഓ....ഇതൊരു പഴയ പേപ്പറാണ്.മേയ് 28.വെട്ടിക്കലിൽ പോലീസുകാർ സഞ്ചരിച്ച വാഹനമിടിച്ച് കുട്ടികൾ മരിച്ച സംഭവം പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി ഐ ഓഫീസ് മാർച്ച്.......വഴിയരികിൽ വാഹനം ഒതുക്കി കേരളാ വാഹന ഗതാഗതം മൊത്തമായി നിയന്ത്രണം ഏറ്റെടുത്ത് വെയിൽ കൊണ്ട് കരുവാളിച്ചു നിൽക്കുന്ന കർത്തവ്യ നിരതരായ പോലീസ് സേനയ്ക്കു സ്തുതി.ഞാൻ കസേരയിൽ നിന്ന് ഒന്നെഴുന്നേറ്റ് ബഹുമാനിച്ചു പോയി....  സെപ്തംബർ 2 ലെ പത്ര വാർത്ത ഇത്തരം പോലീസുകാർക്കു പോലും നാണക്കേടുണ്ടാക്കുന്നതാണ്..“ഏലക്കാ വാങ്ങാ‍നെത്തി പാമോയിൽ മോഷ്ടിച്ച പോലീസുകാരനു അഞ്ചിരട്ടി പിഴ.”അതും കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റിൽ നിന്നും.പഹയനെ പിടിച്ചതാകട്ടെ ഒരു സാധാരണ പൌരനും.അപ്പോൾ ആ പൌരനെ എന്തു വിളിക്കണം?പോലീസിന്റെ പോലീസെന്നോ...?പാവം പോലീസുകാരൻ,അയാൾക്കു രണ്ട് വെളിച്ചെണ്ണയെങ്കിലും ആക്കാമായിരുന്നു....
                             മേയ് 28 ലെ പേപ്പറിന്റെ അടർന്നു കിടന്ന ഒരു കഷണം കൂടി കയ്യിൽ തടഞ്ഞു.ഇതു ലേശം അധോലോക ഇടപാടാണ്.....“സ്പിരിറ്റു കേസിലെ പ്രതിയായ പോലീസുകാരൻ യുവതിയെ തട്ടിക്കൊണ്ടു പോയതിനു പിടിയിൽ.”മോഷണം നടത്തിയ കാറുകളിൽ സ്പിരിറ്റു കടത്തുന്നത് ഹോബിയാക്കിയ പോലീസുകാരൻ ഭർത്താവിന്റ കയ്യിൽ നിന്നും കാശു വാങ്ങി ഭാര്യയെ കൊല്ലാൻ ‘ക്വട്ടേഷൻ’പിടിച്ചതാ.....പണിയില്ലാതിരിക്കുന്ന ‘ക്വട്ടേഷൻ സംഘങ്ങളേയും തുരുമ്പിക്കുന്ന പണിയായുധങ്ങളേയും’ ഓർമ്മ വന്നു.
                സെപ്തംബർ നാലിലെ പത്രത്തിലെ വാർത്ത ഇത്തിരി സർക്കാർ താല്പര്യം കലർന്ന വാർത്തയാണ്...“നഗരസഭയിലെ മാലിന്യം പോലീസിനെ ഉപയോഗിച്ച് പട്ടികജാതി കോളനിക്കു മുൻപിൽ നിക്ഷേപിക്കാൻ ശ്രമം.”  പാവം പോലീസുകാർ എന്തിനെല്ലാം കാവൽ നിൽക്കെണം.ചത്തലച്ചു കിടക്കുന്ന ശവത്തിനും ഭരിക്കുന്നവരുടെ ഇമ്മാതിരി തോന്ന്യാസങ്ങൾക്കും...കഷ്ടം.
                 സെപ്തംബർ 16 ലെ വാർത്ത അല്പം ‘നീല’ നിറം കലർന്നതാണ്.“പറവൂർ പീഡനം:രണ്ടു പോലീസുകാരെ സസ്പെൻഡു ചെയ്തു”  തെറ്റിദ്ധരിക്കേണ്ട പിടിയിലായ പ്രതികളെ രക്ഷപ്പെടുത്താ‍ൻ ഇത്തിരി ലക്ഷങ്ങൾ......വളരെ കുറച്ച്....കൈക്കൂലി വാങ്ങി.പക്ഷെ കാര്യങ്ങൾ ആശാന്മാരുടെ കൈ വിട്ടു പോയി ,അതാണ് വാലു മുറിഞ്ഞത്..പൊന്നു പോലീസേ,കാര്യങ്ങൾ സെറ്റിലാക്കുമെന്ന് ഉറപ്പുണ്ടെങ്കിലേ കൈക്കൂലി വാങ്ങാവൂ.....
സമയം രാത്രി പതിനൊന്നു കഴിഞ്ഞു.കൊച്ചും തള്ളയും ഉറക്കം പിടിച്ചു....സെപ്തംബർ മാസത്തിലെ ഏതാനും പേപ്പർ നോക്കിയപ്പോൾ തന്നെ ഇതാണു സ്ഥിതി....എന്റെ എല്ലാ പ്രതീക്ഷകളും പോയി.ഈ മാധ്യമ ഗ്രൂപ്പുകൾക്ക്(മാധ്യമ സിൻഡിക്കേറ്റ്...ഹ..ഹ...ഹ)എന്താ പോലീസിനോട് ഇത്ര ‘സ്നേഹം’ ഇമ്മാതിരി ചൊവ്വില്ലാത്ത വാർത്തകൾ മാത്രമേ ഇവർ അച്ചടിക്കൂ.....പോലീസ് എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യുന്നു,അത്യാവശ്യം ചെറുകിട പോക്കറ്റടിക്കാരേയും വാഴക്കുല മോഷ്ടാക്കളേയും കുളിസീൻ ഒളിഞ്ഞു നോട്ടക്കാരേയും ഹെൽമെറ്റില്ലാത്തവരേയും എല്ലാം വളരെ കറക്റ്റായി പിടിക്കുന്നില്ലേ...പിന്നെ വലിയ സ്പിരിറ്റു കടത്തുകാരേയും കൊലപാതകികളേയും,ഗുണ്ടാ‍ത്തലവൻമാരേയും......എന്റെ പൊന്നു ചേട്ടാ...അവർക്കുമില്ലേ ജീവനിൽ കൊതി.സർവീസിൽ നിന്നും ‘സുരേഷ് ഗോപി’ കളിച്ച് റിട്ടയർ ചെയ്താൽ പിന്നെ ഈ മാതിരി ക്രിമിനൽ ജന്തുക്കളെല്ലാം പ്രതികാരത്തിനു വരില്ലേ.....എല്ലാവർക്കും ‘സിബി മാത്യൂസ്’ ആകാൻ കഴിയില്ലല്ലോ.
                         എന്തായാലും മതിയാക്കാം എന്നു തന്നെ കരുതി രണ്ടു പേപ്പർ  കൂടി എടുത്തു.അയ്യോ.......അയ്യയ്യോ...പോലീസുകാരെയെല്ലാം പേടിപ്പിച്ചു തൂറിക്കുന്ന ഒരു വാർത്ത..“ഗുണ്ടാചങ്ങാത്തകാരായ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കുന്നു.”...കൊല്ലത്ത് മാധ്യമ പ്രവർത്തകന്റെ നേരെയുള്ള ഗുണ്ടാ ആക്രമണമാണ് ഈ നടപടിക്കു കാരണമായത്...
ഞാൻ ആ വാർത്തയിലൂടെ ഒന്നു കണ്ണോടിച്ചു - “ഗുണ്ടാ ബന്ധം ,പരസ്ത്രീ ബന്ധം,മാഫിയാ ബന്ധം എന്നിവ ഉള്ളവരുടെയും അഴിമതിക്കാരുടേയും മാസപ്പടിക്കാരുടേയും വിശദമായ പട്ടിക ശേഖരിച്ചു തുടങ്ങിയിരിക്കുന്നു”.കൊടിയേരി ഭരിച്ചിരുന്നപ്പോൾ ആരാധ്യനായ ശ്രീ സിബി മാത്യൂസ് ഇത്തരക്കാരുടെ ഒരു ലിസ്റ്റ് എടുത്ത് ആഭ്യന്തര വകുപ്പിനു നൽകിയിരുന്നു.പക്ഷെ ഇപ്പോഴും ഒരാൾക്കെതിരേയും ഒരു നടപടിയും ഉണ്ടായിട്ടില്ല.പുതിയ സർക്കാർ വീണ്ടും ലിസ്റ്റുണ്ടാക്കുന്നതറിഞ്ഞ് പേടിച്ചു വിറച്ചിരിക്കുകയാണ് എല്ലാവരും....(പിന്നേ...നമ്മളിതെത്ര കണ്ടിരിക്കുന്നു...)
                             എന്തൊക്കെയായാലും കേരളാ പോലീസിനു സ്കോട് ലന്റ്യാർഡ് പോലീസിനും പഞ്ചാബ് പോലീസിനും തൊട്ടു താഴെ റാങ്കു കല്പിച്ചിരിക്കുകയാണ്.അതിലവർക്ക് അഭിമാനിക്കാം.പിന്നെ ,പാവങ്ങൾ എന്തു ചെയ്യും...ഈ രാഷ്ട്രീയക്കാർ ഇടപെടുന്നതു കാരണം ധാർമ്മീകമായി പോലീസിനു ജോലി ചെയ്യാൻ കഴിയേണ്ടേ...എന്തൊരു ഗതികേടാണ്....ഇടതു ഭരിക്കുമ്പോൾ വലതൻ മാർ വലുതായാലും ചെറുതായാലും ഓടിച്ചിട്ടു തല്ലേണ്ടി വരും.വലതു ഭരിക്കുമ്പോൾ സകല ചുവപ്പന്മാരേയും ചവട്ടിക്കൂട്ടേണ്ടി വരും......അടികൊണ്ടവരുടെ പ്രതികാരം....വല്ല പൂഞ്ഞാറ്റിലോട്ടും സ്ഥലമാറ്റം.പിന്നെ ആകേയുള്ള ഒരു ഗുണവും ആശ്വാസവും,റോഡിലേക്ക് ഇറങ്ങി നിന്നാൽ കളർഫുള്ളായ കാഴ്ചകളും കാണാം ഇത്തിരി ചില്ലറയും തടയും.
                        കേരളത്തിലെ പേരുകേട്ട ഗൂണ്ടകളെക്കൊണ്ട് പോലീസിനു ഒരു പഞ്ചദിന ക്ലാസ്സെടുപ്പിക്കുന്നത് വളരെ നല്ലതായിരിക്കും.ഈ മേഖലയിൽ പൂണ്ടുവിളയാടാൻ,നിലവിലുള്ള അല്പ-സ്വല്പ ബാലാരിഷ്ടതകളെല്ലാം മാറും.ഇക്കാര്യം പോലീസ് മന്ത്രി ഒന്നു ശ്രദ്ധിക്കുന്നത് വളരെ നന്നായിരിക്കും..പിന്നെ പറഞ്ഞു തഴമ്പിച്ച തെറികൾക്കു പകരം അത്യാധുനിക,കമ്പ്യൂട്ടർവൽകരിച്ച കുറച്ചു തെറികളും പഠിപ്പിക്കുന്നതും അഭികാമ്യം(ഉദാ:പന്ന ബ്ലൂ ടൂത്ത് മോനെ,പട്ടി ബ്ലൂ-റേ മോനേ.....)കമ്പ്യൂട്ടർവൽക്കരിച്ച സ്റ്റേഷനുകളിൽ കമ്പ്യൂട്ടർവൽക്കരിച്ച തെറിയും ഇരിക്കട്ടെ...
               ഏറ്റവും പ്രധാനമായി സർക്കാർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവും ഇവിടെ ഓർമ്മിപ്പിക്കുന്നു,അത്താഴപ്പട്ടിണിക്കാരായ സാധാരണ പൌരന്മാർക്കിട്ടു പണി കൊടുത്ത് നിയമങ്ങൾ സ്രുഷ്ടിക്കുമ്പോൾ,‘ഈ നിയമങ്ങൾ ഒന്നും പോലീസുകാർക്ക് ബാധകമല്ല’ എന്ന ഒരു പിൻ കുറിപ്പുകൂടി വയ്ക്കുന്നതു നല്ലതായിരിക്കും.അല്ലെങ്കിൽ ഏതെങ്കിലും കാക്കിയിട്ട ഭൂതഗണങ്ങൾ മേൽ‌പ്പറഞ്ഞ നിയമങ്ങൾ തെറ്റിക്കുമ്പോൾ....തെറ്റിച്ചു തെറ്റിച്ചു പൊറുതിമുട്ടുമ്പോൾ ഇത്തരം പരനാറികൾക്കു ശമ്പളം കൊടുക്കുവാൻ കൂടി ടാക്സ് അടയ്ക്കുന്ന സാധാരണക്കാർ ചിലപ്പോൾ വല്ല നക്സലറ്റുകളും ആയിപ്പോകും...കയ്യിൽ വിലങ്ങിടീക്കാതേയും കാക്കിയുടെ പിൻബലമില്ലാത്തതുമായ നല്ല ‘നല്ല തല്ല്’നാട്ടുകാർ ഈ വെറുക്കപ്പെട്ട വർഗ്ഗത്തിനു സംഭാവന നൽകുകയും ചെയ്യും....
               

Tuesday, August 30, 2011

അവശേഷിക്കുന്നത്

തിരിഞ്ഞു നോക്കാതെ,ഒട്ടും മടിയില്ലാതെ ആണ് നീ പോയത്......
നിൻ പ്രിയന്റെ മാറിൽ നഖങ്ങൾ കൊണ്ടു നീ പ്രണയം കുറിച്ചപ്പോൾ......,അവന്റെ കൈത്തടത്തിൽ ഒരു കുഞ്ഞിനെ പോലെ നീ ഉറങ്ങിയപ്പോൾ......,
നീ ഉണർന്നപ്പോൾ.....,അറിഞ്ഞില്ല നീ......


അറിഞ്ഞില്ല നീ 
എന്റെ 
കരളിലടിഞ്ഞ മദ്യത്തിൻ 
രക്തഗന്ധവും 
ഒടിഞ്ഞ കഴുത്തും 
നനഞ്ഞ മാറും  
ചോരയൊലിക്കുന്നോരഞ്ചു തിരുമുറിവുകളും,


അറിഞ്ഞില്ല നീ 
എന്റെ 
മുറിയിലെ ജനൽ പാളികളിൽ
ചിതലരിച്ചതും 
എന്റെ 
മനസ്സിന്നിടനാഴിയിൽ ചില്ലുകൾ തകർന്നതും....... 
എന്റെ 
കണ്ണുകളിൽ കനം തൂങ്ങിയതും 
എന്റെ 
കൈകളിൽ തീയാളിയതും......


ഒരിക്കൽ പോലും എന്നെ ഓർക്കാതെ നീ നിന്റെ പ്രിയനെ ചുംബിച്ചുണർത്തിയപ്പോൾ,നിന്റെ കരലാളനങ്ങളിൽ അവൻ ഉണർന്നപ്പോൾ അറിഞ്ഞില്ല നീ.....


അറിഞ്ഞില്ല നീ 
എന്റെ 
വഴികളിൽ 
വളർന്ന മുൾപ്പടർപ്പും 
വിരലുകളിൽ 
വഴുതിയ പാഴ്കവിതകളും.....
തേഞ്ഞുതീർന്നോരെൻ സ്വപ്നങ്ങളും......
പോവുക...
നീ 
പ്രിയേ....
ഒരുപാടു ദൂരേയ്ക്ക്.....









ഒരു കവിത...

രാത്രി ഉറങ്ങിയില്ല 
തലച്ചോറിൽ
നിന്നും 
അല്പം കവിത 
കണ്ണിൽകൂടി ഉരുണ്ടുരുണ്ട് 
തലയിണയിൽ.....
തിരിഞ്ഞും 
മറിഞ്ഞും 
പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിയിട്ടും 
കവിത 
കണ്ണിൽ...
ഒടുവിൽ 
ജനല്പാളിയിലൂടെ കാണുന്ന 
ഇത്തിരി 
ആകാശത്തിലേക്ക് 
കവിതയെ 
തട്ടിത്തെറുപ്പിച്ച് 
ഞാൻ 
പുതപ്പിനുള്ളിലേക്ക്..........

Sunday, August 28, 2011

അന്യാധീനപ്പെടുന്ന ആത്മാവുകൾ....

യൌവ്വനവും 
ചോരയും ചോരത്തിളപ്പും 
മാത്രുത്വത്തിന്റെ 
ഒരു പിടി 
സ്വപ്നങ്ങളും 
പ്രത്യയശാസ്ത്രത്തിന്റെ 
ചുവന്ന താളുകളിൽ 
കുരുതികൊടുത്ത് 
ആശയസംഘട്ടനങ്ങളുടേയും 
\ക്ലാസ്സ് വാറിന്റേയും 
തുലാവർഷത്തിന്റേയും 
തിരിച്ചറിവിന്റേയും 
അവസാന പാഠത്തിൽ 
ഒരു 
ചിതയായി 
കറുത്ത 
പുകയായി 
കനൽ നാളമായി 
തീ വിഴുങ്ങിയ 
ചുവന്ന പുതപ്പിനുള്ളിൽ 
ഒരു പിടി 
ചാരമാവുമ്പോൾ 
ശ്മമാശനത്തിന്റെ 
നാലതിരുകൾക്കുള്ളിലെ 
ഗതികിട്ടാത്ത 
നരച്ച 
ആലിൻ കൊമ്പിൽ 
മുക്തി തേടി 
ഒരാത്മാവു കൂടി..... 
ജപമാലകളിൽ 
കറുത്ത മുത്തുകൾ കോർത്ത് 
മുക്തി തേടി....

കണ്ണുനീർ

നാവ് 
ബന്ധിക്കപ്പെട്ടവന്റെ 
നിശബ്ദമായ 
സമരവും 
കറുത്ത 
പ്രതിഷേധവും.........

കുരിശു മരങ്ങൾ ഉണ്ടാവുന്നത്...

പള്ളിമണികൾ 
പള്ളിമണികൾ......... 
അവൾ കാതോർത്തു 
അവസാന മഴയും 
ഇല്ലാതായ്.....
മണ്ണിൽ 
കവിത വരച്ച 
രക്ഷകന്റെ 
ചിതലെടുത്ത പെരുവിരൽ 
ചുടുകാറ്റിൽ പറന്നകലുന്നു 
വെള്ളിനാണയങ്ങളുടെ സീൽക്കാരത്തിൽ 
ഒരു 
മുൾക്കിരീടമുണ്ടാവുന്നു 
വാതിൽ‌പ്പഴുതിലൂടെ 
ഹോസാന ഗീതം 
ഒഴുകി വരുമ്പോൾ 
അവൾക്ക് 
മൌനം... 
അവസാനത്തെ 
പാപിയും 
അവളിൽ പടർന്നു കയറുമ്പോൾ 
കാൽവരിയിൽ 
കുരിശുമരങ്ങൾ ഉണ്ടാവുന്നു.....(പാപം ചെയ്യാത്ത ഒരുവൻ കല്ല് അന്വേഷിക്കുന്നു,,,)

സ്വപ്നം

മനസ്സിൽ വരയ്ക്കുന്ന 
നിറമില്ലാത്ത 
നിഴൽച്ചിത്രങ്ങളുടെ 
മാറ്റൊലികൾ 
മാത്രം............

Friday, August 26, 2011

എന്റെ പ്രണയം

വെള്ളത്തിൽ 
വരച്ച 
ചിത്രം പോലെ 
കലങ്ങിക്കലങ്ങി 
മറവിയുടെ 
ആഴത്തിലേക്ക്........

മുൻപേ പോയവർ.......

സുധീഷ് ബാബു


ഒരു ക്ലാസ്സ്മേറ്റിന്റെ മരണം....അത്ര ഫീലിംഗേ ഉണ്ടായിരുന്നുള്ളൂ....കാരണം അവനുമായി അത്ര അടുത്ത ബന്ധം ഉണ്ടായിരുന്നില്ല...
ബൈക്കിൽ കയറിയാൽ അവന്റെ ചിന്തകളുടെ നിയന്ത്രണം തെറ്റും...അങ്ങനെ ഒരിക്കൽ ഒരു ബുള്ളറ്റിൽ കയറി അവൻ യാത്രയായി...ചന്ദനക്കുറിയുമായി,പുഞ്ചിരി തൂകി ക്ലാസ്സിലേക്കു കയറി വരുന്ന ആ പഴയ സുധി......


അനൂപ് ആനന്ദ്


          എന്റെ എതിരാളി ആയിരുന്നു അവൻ ,പല കാര്യത്തിലും.അതു പോലെ കൂട്ടുകാരനും...ബ്രില്ല്യന്റ് സ്റ്റുഡന്റായിരുന്നു...അതുപോലെ ഉഴപ്പിലും മുൻപിൽ.
ഒരു ബൈക്ക് ആക്സിഡന്റായിരുന്നു അവന്റെ നില തെറ്റിച്ചത്.......പിന്നെ ഒരു കോമാളിയെപ്പോലെ ഞങ്ങൾക്കിടയിൽ കുറച്ചുനാൾ..
സഹതാപമായിരുന്നു.......
പിന്നെ അവനെ കാണാതായി.വീട്ടുകാർ പലവഴിക്ക് അന്വേഷിച്ചു..ഇപ്പോൾ എല്ലാം ഈശ്വരനിൽ അർപ്പിച്ച് ,എവിടെയായിരുന്നാലും ജീവിച്ചിരുന്നാൽ മതിയേ എന്നു മാത്രം പ്രാർഥിച്ച് 
ഒരു അമ്മ...


ഷിനു സത്യൻ


ഹൈ സ്കൂൾ ക്ലാസ്സിന്റെ ഇടവഴികളിലൂടെ ‘ഇടി മത്സരം’ നടത്തിയിരുന്നത് ഇന്നലെ എന്ന പോലെ....പിന്നീട് അവൻ പ്ലസ് ടു വിനും ഞാൻ പ്രീ ഡിഗ്രീ യ്ക്കും...തമ്മിൽ കാണാതെ...
അഞ്ചോ ആറോ വർഷങ്ങൾക്കു ശേഷം ഒരു ആത്മാർത്ഥ സുഹ്രത്തായി അവൻ പുനർജ്ജനിച്ചു....
വായനശാലയുടെ ഇടനാഴികളിൽ കമ്മ്യൂണിസവും മോഡേൺ ഡ്രാമയും കവിതയും ചർച്ച ചെയ്തിരുന്ന സായാഹ്നങ്ങൾ....അവസാനം  അതൊരു ഇൻലന്റ് മാഗസീന്റെ പിറവിക്കു വഴിയൊരുക്കി.
തുമ്പൂർ മൊഴിയിലെ പാറയിൽ ഇരുന്നു സ്വന്തം കവിത താളത്തിൽ പാടുന്ന ഷിനു.ഒരു ട്യൂമറിന്റെ രൂപത്തിൽ വളരെ പെട്ടെന്ന് .....ഒന്നു കാണാൻ പോലും കഴിയാതെ............
എന്റെ തിരക്കു പിടിച്ച വൈകുന്നേരങ്ങളിൽ ഒരുപാട് തവണ അവനെ കാണാതെ വഴിമാറി ഞാൻ നടന്നിട്ടുണ്ട്.മരിക്കുന്നതിനു മുൻപ് അത്യാവശ്യമായി കാണണം എന്നു പറഞ്ഞപ്പോഴും ഞാൻ അവനെ ഒഴിവാക്കി എന്റെ തിരക്കിലേക്കു നടന്നു....
പിന്നീടൊരിക്കലും കാണില്ല എന്നു ഞാൻ അറിഞ്ഞില്ല.
ഒരു കൂട്ടുകാരനു വേണ്ടി ആദ്യമായി കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടി...........


സിഞ്ചോ ജോണി


ജീവിതത്തിന്റെ നാൾവഴികളിൽ എവിടെയോ വച്ച് മനസ്സിന്റെ ചരടുകൾ പൊട്ടിയത് കൂട്ടിക്കെട്ടി ജീവിച്ച്, ജീവിച്ച് അവസാനം ഒരു മുഴം കയറിൽ....
ആരെയൊക്കെയോ തോൽ‌പ്പിച്ചും ഞാൻ ഉൾപ്പെടുന്നവരെ വേദനിപ്പിച്ചും 
അവൻ കടന്നു പോയി


മനോജ് .എൻ


എന്റെ ക്ലാസ്സിലെ നമ്പൂതിരി പയ്യൻ..ഒരുപാട് സ്നേഹമായിരുന്നു അവനു എന്നോട്..
ഒരു ബഞ്ചിൽ ഇരിക്കാൻ അവനു ഒത്തിരി ഇഷ്ടമായിരുന്നു.എനിക്കു അവനോട് സ്നേഹത്തിനേക്കാൾ ആരാധനയായിരുന്നു.
ക്ലാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടി.
ക്ലാസ്സിലെ ഫസ്റ്റ് റാങ്കിനു മീരയോട് മത്സരിക്കുന്ന മനോജ്.......
അവൻ വലിയ നിലയിൽ എത്തുമെന്ന് ഉറപ്പായിരുന്നു.
ഭോപ്പാലിൽ നിന്നു എന്നെ വിളിക്കുകയും മെയിൽ അയക്കുകയും  ചെയ്യുമായിരുന്നു...മരിക്കുന്നതിനു ഒന്നോ രണ്ടോ ആഴ്ചയ്ക്കു മുൻപ് ഞാൻ അവനെ കണ്ടു.....
ഭോപാലിൽ വച്ച് സഞ്ചരിച്ചിരുന്ന ബൈക്കിനു   പിറകിൽ ഏതോ ഒരു ബസ്സിന്റെ രൂപത്തിൽ മരണം അവനു വഴിയൊരുക്കി.അവൻ മരിച്ചുകിടക്കുന്നത് കാണാൻ ഞാൻ പോയില്ല....അതെനിക്ക് ഒട്ടും കഴിയുമായിരുന്നില്ല................


ഒരുമിച്ച് ഒരു ക്ലാസ്സിൽ ഉണ്ടായിരുന്ന അഞ്ചു കൂട്ടുകാർ പല സമയങ്ങളിലായി പല കാരണങ്ങളായി മുൻപേ ആ കറുത്ത സ്വാതന്ത്രത്തിലേക്ക് .........

ഇവനേക്കൂടി...........

"എത്ര പിണങ്ങീടിലുമമ്മേ
 പിന്നെയും പിന്നെയും
 തിരികെ വരുന്നു
 നിൻ ചുമൽ ചാരിയിരിക്കെ
 ഇവിടെയ‌മ്പാടി
 പിന്നെയും തളിർക്കുന്നു......................ഷിനു


ഷിനു തന്റെ ഡയറിത്താളുകളിൽ വരച്ചിട്ട അവസാന വരികൾ...
2006 ലെ ഒരു ഈസ്റ്റർ തലേന്നു,അഘോഷങ്ങളുടെ തീയിലേക്കു നുരയുന്ന മദ്യവും കൊരിയൊഴിച്ച് ഞാൻ തിമിർക്കുമ്പോൾ ജീവശ്വാസം കിട്ടാതെ ആശുപത്രി കിടക്കയിൽ മുഖങ്ങളില്ലാത്ത ഡോക്റ്റർമാർക്കും നഴ്സുമാർക്കും ഇടയിൽ അവൻ...........അവൻ ശ്വാസം കിട്ടാതെ പിടഞ്ഞിട്ടുണ്ടാവും.അമ്മയേയും അച്‌ഛനേയും സഹോദരങ്ങളേയും,ഏതെങ്കിലും ഒരു പരിചിത മുഖത്തിനായി ചുറ്റും നോക്കിയിരിക്കും....ഒന്നും പറയാതെ,ദുഖത്തിന്റെ കാണാക്കയങ്ങളിലേക്ക് ഞങ്ങളെ തള്ളിയിട്ട് അവൻ അനിവാര്യതയിലേക്ക്.....


ഷിനു..ഹൈ സ്കൂൾ കാലഘട്ടത്തിൽ ഒരു ബഞ്ചിലായിരുന്നു ഞങ്ങൾ പഠിച്ചത്...ഷിനു,പ്രമോദ്,അലക്സ്,ശ്രീനി,പിന്നെ ഞാനും.
ചിന്തകളിൽ കമ്മ്യൂണിസവും വിപ്ലവവും കവിതയും......ഇതാണ് വായനാശാലാ മുറിയിൽ വച്ച് വർഷങ്ങൾക്കു ശേഷം ഞങ്ങളെ അടുപ്പിച്ചത്..പിന്നെ അതൊരു ആത്മ ബന്ധമായി വളരുകയായിരുന്നു.
ഞാനും ഷിനുവും അരുണും ഇടയ്ക്ക് ഒപ്പം കൂടുന്ന റിനോയ് യും.....
ഷിനുവിന്റെ കവിതകൾ അവന്റെ സ്വരത്തിൽ ഉച്ചത്തിൽ പാടിയും നിമിഷ കവിതകൾ എഴുതിയും,മയക്കോവിസ്കിയുടെയും ജിബ്രാന്റേയും,പവിത്രൻ തീക്കുനിയുടേയും,എ.അയ്യപ്പന്റേയും മറ്റും കവിതകൾ ഇഴകീറി ചർച്ച ചെയ്തും സായാഹ്നങ്ങൾ ഞങ്ങൾ ഒത്തുകൂടുമായിരുന്നു.ഇടക്കാലത്തു വച്ച് നിലച്ചുപോയ ‘മിഴി’ ഇൻലന്റ് മാഗസിന്റെ പിറവി അവിടെ വച്ചായിരുന്നു.മ്യൂസ് മേരി ടീച്ചറെ കാണാൻ പോയതും ...കവിതയിൽ "വെള്ളിത്തിര" കണ്ട് കൂവിയതും..........
അവന്റെ മനസിൽ പ്രണയമുണ്ടായിരുന്നു,ഞാൻ ഒരിക്കലും ചോദിച്ചിട്ടില്ലാത്തതും അവൻ പറഞ്ഞിട്ടില്ലാത്തതുമായ അവന്റെ പ്രണയിനിയും....തുമ്പൂർ മൊഴിയിലെ നനഞ്ഞ സായാഹ്നവും ഇലക്ഷൻ കാലത്തെ പാർട്ടി പ്രവർത്തനവും...അങ്ങനെ എല്ലാം..യു.സി കോളേജ് കാമ്പസിൽ അവൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു..
ഫോണിലൂടെ അവസാനമായി പറഞ്ഞ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു “സൻ‌ജു ഞാൻ ഹോസ്പിറ്റലിൽ നാളെ പോകും,അത്യാവശ്യമായി ഒന്നു കാണണം..സമയമുണ്ടാവില്ലെന്നറിയാം എന്നാലും വൈകീട്ട് വിളിക്കണം...നേരിൽ കാണണം...”
എന്റെ നശിച്ച തിരക്കുകളിൽ ഞാൻ മുങ്ങിപ്പോയി..കണ്ടില്ല....അല്ല കണ്ടു..മുൻപൊരിക്കലും കാണാത്ത പോലെ ഫ്രീസറിൽ മരിച്ചു മരവിച്ച അവന്റെ................................................
എന്റെ ബെഡ് റൂമിൽ കയ്യെത്തും ദൂരത്ത് അവൻ സമ്മാനിച്ച ചിത്രം തൂക്കിയിട്ടുണ്ട്..അതിൽ അവന്റെ സ്പർശ്മുണ്ട്,ആത്മാവുണ്ട്,അവൻ തന്നെയുണ്ട്...എന്നും എന്റെ മനസിൽ ഒരു വിങ്ങലായി അവൻ ഉണ്ട്...അവൻ വരച്ച ചിത്രങ്ങളും അവന്റെ കവിതയും..........
"ഒഴിഞ്ഞ കസേരകൾക്കിടയിൽ
ഒരായിരം
നഷ്ട സ്വ്‌പ്നങ്ങൾക്കിടയിൽ
എനിക്കും നിനക്കുമിടയിലെ
അകൽച്ചയിൽ
എന്റെ കടം കൊണ്ട രക്തം
വാർന്നു വീഴുന്നു....“ ഷിനു സത്യൻ


(ഷിനു സത്യൻ: എറണാകുളം ജില്ലയിലെ മുപ്പത്തടത്തിൽ സത്യൻ -കമല ദമ്പതിമാരുടെ മകനായി 1983 ൽ ജനിച്ചു.ആലുവ യു.സി യിൽ ബിരുദാനന്തര ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കെ അർബുദ രോഗം ബാധിച്ച് 2006 ൽ അന്തരിച്ചു.കവിയും ചിത്രകാരനും ആയിരുന്നു‘ഞാൻ അപ്പോഴും തിരഞ്ഞുകൊണ്ടിരിക്കും’ എന്ന കവിതാസമാഹാരം മരണ ശേഷം യു.സി യിലെ വിദ്യാർത്ഥികൾ ചേർന്നു പ്രസിദ്‌ധീകരിച്ചിരിക്കുന്നു..)

there is blood on the street..........

സീൻ 1,ഇറാഖ്


അവിടെ
എരിയുന്ന അഗ്നിയുണ്ട്
വട്ടമിട്ടു പറക്കുന്ന
കഴുകന്മാരും
തലയറുക്കപ്പെട്ട കിനാവുകളും
വിലയ്ക്കെടുക്കപ്പെട്ട ചിന്തകളും
വിലങ്ങു വയ്ക്കപ്പെട്ട ജീവിതങ്ങളും
(അന്താരാഷ്ട്ര മീഡിയായിൽ നിറഞ്ഞു നിൽക്കുന്ന ചുവന്ന ഇറാഖ്)


സീൻ 1B;


കർബലയിലെ തെരുവുകളിൽ
“ഫെഡറൽ ഇറാഖ്
എന്ന എറിഞ്ഞുടയ്ക്കപ്പെട്ട ‘സ്വപ്നം’
ചോര വാർന്നു കിടക്കുന്നു


സീൻ2, പാലസ്തീൻ


അൽഹുസൈനിയുടെയും
ഹസൻ സലാമയുടേയും
ചോരയൂറ്റിക്കുടിക്കുന്ന
ഷാരോൺ
നരച്ച നനുത്ത താടിയും
ചുണ്ടിൽ പുഞ്ചിരിയുമായി
ശഹാദത്ത് വരിച്ച
അഹമ്മദ് യാസീൻ
there is blood in the street...(നെരൂദയുടെ വിലാപം ഓർക്കുന്നു)


സീൻ 3,അമേരിക്ക....


കെന്നഡിയുടെ മുന്നറിയിപ്പ്
“വിയറ്റ്നാംവത്കരണം വീണ്ടുമൊരു വിയറ്റ്നാംവൽക്കരണം”
ബുഷും ഡിക്ചെനിയും
ഞെട്ടിയുണരുന്നു
റംസ്ഫെൽഡും വുൾഫോവിറ്റ്സും
പുതിയ കുരിശുകൾ തീർക്കുന്നു


സീൻ  4 ഇറാഖ്(വൈഡ് ഷോട്ട്)


അധിനിവേശത്തിനെതിരെ
ഇൻ തിഫാദയുടെ
മണികൾ മുഴങ്ങുന്നു
പുതിയ പ്രഭാതങ്ങൾ...
ഉയിർത്തെഴുന്നേൽ‌പ്പ്..
കത്തിയമരുന്ന
ഫല്ലൂജയിൽ വിപ്ലവം(?)
മുള പൊട്ടുന്നു
അകലെ എവിടെ നിന്നോ
“ലാ ഇലാഹ ഇല്ലല്ലാഹ്
മുഹമ്മദുർ റസൂലല്ലാഹ്”...........................

അയ്യപ്പൻ..........


അയ്യപ്പൻ ഒരു
അപ്പൂപ്പൻ താടിയായിരുന്നു
കാറ്റത്ത് എവിടെ നിന്നോ വന്നു
എങ്ങോട്ടോ പോകുന്ന ഒരു
അപ്പൂപ്പൻ താടി
ഭാണ്ഡം നിറയെ പരിഭവവും
കവിതയും കള്ളും....
നാവിൽ തീപ്പന്തവും....
അതെ അയാൾ ഒരു
അപ്പൂപ്പൻ താടിയായിരുന്നു...
കാറ്റത്ത് എവിടെ നിന്നോ വന്നു
എങ്ങോട്ടോ പോകുന്ന ഒരു
അപ്പൂപ്പൻ താടി....
ഒടുവിൽ
ചിറകു തകർന്ന്,
മെയ്യും തകർന്ന്
ആരുമില്ലാതെ....
അനന്തതയിലേക്ക്.........



(നെറിയില്ലാത്ത ലോകത്തിൽ നേരിന്റെ കൂരമ്പുകളുമായി,ഒരു അവധൂതനെപ്പോലെ വന്നു പോയ കവി എ.അയ്യപ്പന്റെ ഓർമ്മയ്ക്കു മുൻപിൽ....) 

ചെസ്റ്റ് നമ്പർ 17..ലവ് ജിഹാദ്

സർ, 
ഞാൻ ചെസ്റ്റ് നമ്പർ 17...പേരു വെളിപ്പെടുത്താൻ പാടില്ലല്ലൊ,അതു കൊണ്ട് ഞാൻ അതു ചെയ്യുന്നില്ല...
നിങ്ങൾക്കു നിങ്ങളെ വിശ്വാസമില്ലാത്തതു കൊണ്ടാണല്ലൊ അങ്ങിനെ ഒരു നിയമം....മാത്രമല്ല കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഊമക്കത്തെഴുതൽ ഒരു ഹോബിയാക്കിയിരുന്നു..
ഒന്നാം സമ്മാനമായ 10001 രൂപ എനിക്കു വേണ്ട സാർ......കാരണം കഥ എഴുതുന്നതു പോയിട്ടു കേൾക്കുന്നതു പോലും എനിക്കിഷ്ടമല്ല..അപ്പോൾ സാർ ചോദിക്കും എന്തിനു നീ ഈ മെനക്കെടുന്നതെന്ന്...അതിനു ഒരേ ഒരു കാരണമേയുള്ളൂ സാർ......മത്സരത്തിനു നിങ്ങൾ നൽകിയ വിഷയം....”ലവ് ജിഹാദ്”


അങ്ങനെ ഒന്നില്ലെന്നു കോടതി പോലും പറഞ്ഞെങ്കിലും നമ്മൾ പ്രബുദ്ധരായ മനുഷ്യർ,ഏറ്റവും കുറഞ്ഞതു ബുദ്ധിയുള്ള മലയാളികൾ അങ്ങനെ കളഞ്ഞു കിട്ടിയതൊന്നും എളുപ്പം ഉപേക്ഷിക്കാത്തവരല്ലേ സാർ...ഡിഗ്രി മുഴുവനാക്കാൻ കഴിയാതെയിരിക്കുന്ന എനിക്കു ലവ് ജിഹാദിനെക്കുറിച്ച് ഒന്നും അറിയില്ല എന്നു നിങ്ങൾ കരുതരുത്.
മാധ്യമങ്ങൾക്കിടയിലല്ലേ സാർ ഇപ്പോൾ മനുഷ്യർ ജീവിക്കുന്നത്..മുൻപ് മാ‍ധ്യമങ്ങൾ നമുക്കിടയിലും..കപ്പലണ്ടി പൊതിഞ്ഞു വരുന്ന ഒരു തുണ്ട് പേപ്പറിൽ‌പ്പോലും വന്നു കീഴടക്കി പോയ ഒരു സെൻസേഷണൽ ന്യൂസിന്റെ കഷണം കണ്ടെത്താൻ കഴിയുന്ന ഒരു കാലഘട്ടമല്ലേ സാർ നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടം.....
എന്റെ കഥയിൽ ,സോറി കത്തിൽ ആലങ്കാരിതയുടെ ചെറിയ അംശം കണ്ട് സാർ തെറ്റിദ്ധരിക്കേണ്ടാ...14 വയസ്സു മുതൽ വൈകുന്നേരങ്ങളിൽ വിശപ്പറിയാതിരിക്കാൻ പോയിരുന്നിരുന്നത് യുവജന സമാജം വായന ശാലയിൽ ആയിരുന്നു.ഒ.വി വിജയന്റേയും എസ്.കെ പൊറ്റക്കാടിന്റേയും എം റ്റിയുടേയും പുസ്തകങ്ങൾ മുള്ളു പോലും കളയാതെ അങ്ങിനെ തന്നെ വിഴുങ്ങുമായിരുന്നു.അതിന്റെ പകർപ്പു ദീനമായിരിക്കും ക്ഷമിച്ചു കളഞ്ഞേക്ക് സാർ..
ഇനി വിഷയത്തിലേക്കു വരാം സാർ.......................................അതെ ലവ് ജിഹാദ്..അതു ഞാൻ വിശ്വസിക്കുന്നില്ല സാർ...ആ വാക്കു കേൾക്കുന്നതു പോലും എനിക്കു വെറുപ്പാണ് .
 അഞ്ചു വയസ്സു തികഞ്ഞതിന്റെ അടുത്ത ദിവസം രാവിലെ കണ്ണു തുറന്നു നോക്കിയപ്പോൾ അച്ഛനെ ഒരു പറ്റം പോലീസുകാർ കഴുത്തിലെ കയറോടെ താഴെയിറക്കി കിടത്തുന്നത് കണ്ടു പോയി സാറേ ,അതാണ് അച്ഛനെ കുറിച്ചുള്ള ഒരേയൊരു ഓർമ്മ...അച്ഛൻ എന്നു പറഞ്ഞാൽ എനിക്കും അമ്മയ്ക്കും രാത്രി സംരക്ഷണം തരുന്ന ഒരാളാണെങ്കിൽ അഞ്ചാം വയസ്സു മുതൽ ഇരുതല മൂർച്ചയുമായി തലയണയുടെ അടിയിൽ അമ്മ വയ്ക്കുന്ന വെട്ടുകത്തിയെ ഞാൻ “അച്ഛൻ” എന്നു വിളിക്കേണ്ടി വരുമായിരുന്നു........അതെ സാർ ആ വെട്ടുകത്തി ഞങ്ങൾക്കു സംരക്ഷണം തന്നിട്ടുണ്ട് ഒരുപാട് രാത്രികളിൽ ...... പക്ഷെ ഒരിക്കൽ ആ വെട്ടുകത്തിയും തോറ്റു അതിനേക്കാൾ മൂർച്ചയുള്ള അപവാദങ്ങൾക്കു മുൻപിൽ...
                                    അഞ്ചും ആറും വയസ്സു മുതൽ കാണുന്നതും കേൾക്കുന്നതുമാ സാറേ എന്റെ പാവം അമ്മയെ കുറിച്ചുള്ള കള്ള പ്രചരണങ്ങൾ...അമ്പലക്കമ്മറ്റിയിൽ വരെ നേരം പോക്കിനു സംസാരിച്ചിരുന്നത് തൂങ്ങിച്ചത്ത കുമാരന്റെ ഭാര്യ വാസന്തിയുടെ സ്വഭാവ ദൂഷ്യങ്ങളുടെ കഥകളാ സാറേ...അതായത് എന്റെ അമ്മയുടെ....
 ദാരിദ്ര്യമായിരുന്നു സാറേ ആകെയുള്ള സമ്പാദ്യം....വിശന്നു വിശന്നു കൊടലു കരിയുമ്പോഴും അമ്മയോടു പറയില്ല ,കാരണം അമ്മയ്ക്കു സഹിക്കാൻ കഴിയില്ല.ഞാൻ വായനശാലയിലേക്കോടും അപ്പോൾ അമ്മ പറമ്പിൽ ചേമ്പോ കപ്പങ്ങയോ തിരയുകയായിരിക്കും എനിക്കു അത്താഴമെങ്കിലും തരാൻ..ആ മണ്ണിൽ അതെല്ലാം ഉണ്ടായിരുന്നു സാറേ ഒരു പാട്....അമ്മയുടെ കണ്ണുനീരിനു നല്ല വളക്കൂറുണ്ടെന്നു അന്നേ ഞാൻ അറിഞ്ഞു.
വായനശാലയിൽ അബൂബക്കർ മാഷും ഉണ്ടാകും....റിട്ടയർമെന്റിനു 3 വർഷം കൂടി ഉള്ളപ്പോൾ ഹെഡ്മാസറ്റർ ആയി ഞങ്ങളുടെ സ്കൂളിൽ വന്നതാ അബൂബക്കർ മാഷ്....നല്ല മനുഷ്യൻ ......സർവ്വ ജന സമ്മതൻ........
എല്ലാ ദിവസവും മുടങ്ങാതെ കാണുന്നതു കൊണ്ടോ മറ്റോ മാഷ് എന്റെ അരികിൽ വന്നു സംസാരിക്കുമായിരുന്നു..ആരോ പറഞ്ഞു എന്റെ കഥകൾ കേട്ടതു കൊണ്ടായിരിക്കും എനിക്കു രാഘവൻ ചേട്ടന്റെ കടയിൽ നിന്നും പരിപ്പു വടയും ചായയും സാർ വാങ്ങിത്തന്നിരുന്നത്...മക്കൾ ഇല്ലാത്ത സാറിന്റെ, ഭാര്യയുടെ മരണം ഏല്പിച്ച വേദന ആ മനുഷ്യന്റെ കണ്ണുകളിൽ ആ പതിനാലാം വയസ്സിലും ഞാൻ തിരിച്ചറിഞ്ഞു..
                                                     അമ്മയ്ക്കു ദീനം വന്നു വിറച്ചു കിടന്ന അന്നാണ് ആദ്യമായി മാഷ് എന്റെ വീട്ടിൽ വരുന്നത്.മരുന്നുകളും അരിയും മറ്റുമായി....അന്നു ആദ്യമായി ഞാൻ ഒരു “മനുഷ്യനെ“ കണ്ടു .....അമ്മ അഭിമാനിയായിരുന്നു... അതറിയാവുന്ന ഒരേയൊരാൾ ഞാനും....പക്ഷെ അമ്മ മാഷിന്റെ സഹായങ്ങൾ സ്വീകരിച്ചു...എന്റെ എല്ലുന്തിയ രൂപവും വിശപ്പും അമ്മയുടെ രോഗവും ആയിരുന്നു സാറേ കാരണം.
വിശപ്പും രോഗവും ദാരിദ്ര്യവും അനാഥത്വവും കണ്ടില്ലെന്നു നടിച്ച അമ്പലക്കമ്മറ്റിയും സംഘടനകളും നല്ലവരായ നാട്ടുകാരും മാഷ് ചെയ്യുന്ന ചെറിയ സഹായങ്ങൾ കണ്ണു നിറയെക്കണ്ടു..നിറഞ്ഞൂ തുളുമ്പി അപവാദങ്ങളായി പുറത്തേക്കൊഴുകി...അബൂബക്കർ മാഷിന്റെ കണ്ണിൽ കണ്ണീർ പൊടിഞ്ഞ ആ ദിവസം അദ്ദേഹത്തെ ഞാൻ സ്നേഹിക്കാൻ തുടങ്ങി,അത്രയും നാൾ ബഹുമാനവും ഭക്തിയുമായിരുന്നു സാർ
വടിയും വാക്കുകളും ആയുധങ്ങളുമായി ആക്രമിക്കാൻ നാ‍ട്ടിലെ പ്രമാണിമാരും അഭ്യുദയകാംഷികളും വന്നു പോയ രാത്രി മാഷ് അമ്മയെ ജീവിതത്തിലേക്കു ക്ഷണിച്ചു...അൻപതു കഴിഞ്ഞ മാഷും പട്ടിണിക്കോലവും രോഗിയുമായ അമ്മയും എന്തു ശാരീരിക സുഖത്തിനു വേണ്ടിയാണു സാറേ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയത്..?ഒന്നിനുമല്ല,ഞാനതു വിശ്വസിക്കുന്നുമില്ല.നാട്ടിൽ ഭയങ്കര ലഹളയായിരുന്നു....ഒരു മുസ്ലിം ഹിന്ദുവിനെ പോറ്റുന്നു 
അന്നു മുതൽ വീട്ടിൽ മൂന്നു നേരവും ഞാൻ അരിയാഹാരം കഴിച്ചുതുടങ്ങി...വെട്ടുകത്തി അടുക്കളയിലേക്കു തന്നെ സ്ഥാനം പിടിച്ചു..നല്ല വസ്ത്രം ധരിച്ചു ഞാൻ സ്കൂളിൽ പോകാൻ തുടങ്ങി....പത്താം ക്ലാസ്സ് പാസ്സായ എനിക്കെന്തോ സമ്മാനം വാങ്ങാൻ പോയ മാഷ് പേ പിടിച്ച ഏതോ വാഹനത്തിന്റെ ടയറിനടിയിൽ കിടന്നു പിടഞ്ഞു മരിച്ച അന്നു വരെ....അതിനു ശേഷം എല്ലാം പഴയ പോലെ...ഞാൻ ഇന്നു പഠനത്തിന്റെ കൂടെ കൂലിപ്പണിക്കു പോയി അമ്മയെ പോറ്റുന്നു സാറെ........
പട്ടിണിയും ദാരിദ്ര്യവും സാമൂഹ്യ ദ്രോഹികളുടെ ആക്രമണവും കൊണ്ട് രോഗിയായ ഒരു സ്ത്രീയും കുട്ടിയും മരിച്ചു ജീവിച്ചപ്പോൾ അഹിംസയും മോക്ഷവും സംഘടിത ശക്തിയും പരസ്പര സഹായവും പ്രസംഗിക്കുന്ന ഞങ്ങളുടെ മതത്തിലേയോ ജാതിയിലേയോ ആരേയും ഞാൻ കണ്ടില്ല സാറേഒരു കൈ സഹായത്തിന്.അന്യ മതക്കാരനായ അബൂബക്കർ മാഷല്ലാതെ.......എന്റെ അമ്മയെ മാഷ് സ്വീകരിച്ചതു ലവ് ജിഹാദിനു വേണ്ടിയാണെന്നു സാറിനു പറയാൻ കഴിയുമോ...? ഒരു മുസ്ലിം ഹിന്ദുവിനെ സ്നേഹിച്ചാൽ അതു ലവ് ജിഹാദ് ആകുമോ സാർ...?


ലവ് ജിഹാദ് എന്ന വാക്കു നമുക്കു വേണ്ട സാർ ....വർഗ്ഗീയത കുത്തി വയ്ക്കുന്ന ഇത്തരം വാക്കുകൾ നമുക്കു ഉപേക്ഷിക്കാം ............അബൂബക്കർ മാഷ് ലവ് ജിഹാദിനു വേണ്ടിയല്ല സാറേ ഞങ്ങൾക്കു തുണയായത്...അതിനു ഒരു വാക്കേയുള്ളൂ...അത് “മനുഷ്യത്വം”എന്ന വാക്കാണു സാറേ....സഹജീവി സ്നേഹം എന്നും പറയാം....അത്ര തന്നെ.........ആരാണൂ  ലവ് ജിഹാദ് എന്ന വാക്കു കണ്ടു പിടിച്ചത്,എന്തു ഗ്ലോബൽ ഡിസാസ്റ്ററാണു സാറേ ലവ് ജിഹാദ്....?2007-ൽ 2167 ഉം 2008-ഇൽ 2530 ഉം പെൺകുട്ടികളെ ലവ് ജിഹാദികൾ കടത്തിയിട്ടുണ്ടെന്നു പറഞ്ഞിട്ട് എവിടെ സാറേ.........
അപ്പോൾ ഒരു മുസ്ലിം പെൺകുട്ടിയെ ഒരു ഹിന്ദു യുവാവ് പ്രണയിച്ചാൽ അതെന്താകും സാർ...?ഒരു ക്രിസ്ത്യാനി ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചാലോ......പറയൂ സാർ...............എനിക്കും ഉത്തരം കിട്ടണം.............ഞങ്ങളെ പോലുള്ള കുറച്ചു വിവരദോഷികൾക്കെങ്കിലും............................?

Thursday, August 25, 2011

പ്രണയം

പകൽ


അലറുന്ന 
ആഴക്കടലിലെ 
നഷ്ടപ്പെടലും.......    


രാത്രി 


നുരയുന്ന 
ഗ്ലാസ്സിലെ 
കണ്ടെത്തലും.......

ചിത

കർക്കിടക മഴയുടെ 
ഓരം പിടിച്ച്,
പമ്മി പമ്മി 
നിശബ്ദതയോടെ 
ഒരു കള്ളനെപ്പോലെ 
അവൻ വന്നു 
ആരോടും പറയാതെ, 
കോലായിലെ കസേരയിൽ 
ചടഞ്ഞിരുന്നുറങ്ങുന്ന 
അച്ഛ്നെ അവൻ 
തട്ടിയുണർത്തി......
പിറ്റേന്ന് 
മരം വെട്ടി 
വിളക്കുവച്ചു 
എള്ളും പൂവും വിതറി 
തെക്ക് 
ഒരു 
ചിതയൊരുങ്ങി...

മരണം

നിലയ്ക്കാത്ത
ഘടികാരസൂചികളുടെ
തടവറയിൽ 
നിന്നും 
ഒരിക്കൽ മാത്രം 
കിട്ടുന്ന 
കറുത്ത സ്വാതന്ത്രം......

Tuesday, August 23, 2011

ദേവദാസി

ശരീരത്തിൽ 
ചിതയൊരുക്കി 
ആ 
ചിതയിൽ
തല പൂഴ്ത്തി
മരിക്കുന്നവൾ............

പരിണാമം

കാലിത്തൊഴുത്തിൽ നിന്നും


മാർബിൾ കൊട്ടാരങ്ങളിലേക്ക്.......


കുരിശുമരണമെന്ന


നൂൽ പാലത്തിലൂടെ............